Tuesday, 29 November 2016

മടക്കം

ഇതവസാന വരികളല്ല,,
നിഗൂഡതയുടെ മാറ്റൊലികളില്ലാതെ ,,
എന്‍റെ ശബ്ദമൊടുങ്ങിയിരുന്നു ..
.ഒരൊറ്റയീണത്തില്‍ ചാലിച്ച നിശബ്ദതയില്‍
നമ്മള്‍ ചലിക്കാത്ത രണ്ടു കണ്ണുകള്‍ മാത്രം
,,ഞാനെന്നിലേക്കു തന്നെ മടങ്ങട്ടെ ,,
,രണ്ടായാലും നീയെന്നെ അറിയുന്നില്ല

നീ

പ്രണയത്തിന്റെ ആകാശത്തു നിന്നും
നീ തൊടുത്ത മിന്നൽ പിണരുകൾ പോലെ,
ഇരുട്ടിന്റെ ജാലകക്കാഴ്ച്ചയിലൂടെ മാത്രം
എനിക്കു നിന്നെ കാണാൻ കഴിയുന്നു..!
നിന്റെ നെടുവീർപ്പുകളിലൂടെ മാത്രം
എന്റെ സ്പന്ദനങ്ങളുടെ കിതപ്പാറുന്നു...!
ഒരു പക്ഷേ കാറ്റിന്റെ നുണ വിശ്വസിച്ചാവാം ,
കടലിന്റെ അതിരുകളോളം മേഘങ്ങളുണ്ടായിട്ടും
ഞാനിന്നും വരണ്ടിരിക്കുന്നു...!

പ്രണയമാനെന്റെ വിപ്ലവം

എണ്ണിയാലൊടുങ്ങാത്ത വാതിലുകൾ,,
നീയേഴു താഴിട്ടു പൂട്ടിയാലും
ഓർമ്മകളുടെ തടവു ചാട്ടമിനിയും നടക്കും..!
മറക്കരുത്,,
പ്രണയവും വിപ്ലവവും എന്റെ സിരകളെ 
വല്ലാതെ ത്രസിപ്പിക്കുന്നുണ്ട്..!

നീയും ഞാനും

അക്ഷരങ്ങളുടെ ഉലയൂതിക്കെടുത്തിയിട്ടും
ചുട്ടുപൊള്ളിക്കുന്ന ഒറ്റക്കനൽ ...
നീ...
ഒറ്റ വരിക്കവിതയുടെ അർഥം തിരഞ്ഞ്,
ഇന്നലെകളുടെ ചങ്ങലപ്പാടുമേന്തിയിന്നും,
ഞാൻ.

എനിക്കും ഹൃദയമുണ്ടായിരുന്നു

എനിക്കും ഹൃദയമുണ്ടായിരുന്നു...
ചുവന്ന പൂക്കൾ കൊണ്ടു മുറിവേറ്റത്...
നിന്റെ മൗനത്തിന്റെ അപാരതയും
പ്രണയത്തിന്റെ തീക്ഷ്ണതയും...
നിന്റെ നക്ഷത്രക്കണ്ണുകളും
നഖചിത്രപ്പാടുകളും,,
ചുണ്ടുകളുടെ വിറയും...
മാറിന്റെ കിതപ്പും..
ഇലഞ്ഞിപ്പൂക്കളുടെ ഗന്ധവും ,
ഞാനെന്നുമോർക്കാറുണ്ട്..
എന്നും...

പെയ്തു തീരരുത്

നിലാവുള്ള രാത്രികളിൽ
നിന്റെ നക്ഷത്രക്കണ്ണുകൾ എന്നെ തേടുന്നത് ഞാനറിയാറുണ്ട്..
ആർത്തു പെയ്യുന്ന മഴയിൽ നിന്റെ ചുംബനങ്ങൾ ഞാനാസ്വദിക്കാറുണ്ട്..
നേർത്തു വീശുന്ന കാറ്റ് നിന്റെ വിരലുകളെന്നപോലെ എന്റെ മുടിയിഴകളെ തലോടാറുണ്ട്..
സ്വപ്നമെന്നോണം നിന്റെ കൈകളെന്നെ പൊതിയുന്നത് പാതിയുറക്കത്തിൽ ഞാനറിയാറുണ്ട്..
എന്നിട്ടും പകരം വയ്ക്കാനില്ലാതെ
പരിഭവിച്ചുണരുന്ന പുലരികളിൽ
എന്റെ ഹൃദയം മിടിച്ചിരുന്നു ,
'ഞാനിപ്പോഴും നിന്നെ പ്രണയിക്കുന്നു'...
നിന്നെ മാത്രം ..
മഴമേഘങ്ങളുടെ കൂട്ടിലിരുന്നു നീയെനിക്കായി വിങ്ങുന്നതെനിക്കറിയാം..!
പെയ്തു തീരരുത്..,
എനിക്കിനിയും നിന്നെ പ്രണയിക്കണം

കാഴ്ചകള്‍ മങ്ങുന്നു

ഒരേ ചുവപ്പിന്റെ ഉന്മാദത്തിൽ
വാക്കുകളുടെ പച്ചയിലൂടെ പറന്ന്,
നീല ചുവയ്ക്കുന്ന ആകാശവും, 
ഉപ്പു കയ്ക്കുന്ന കടലും കടന്നിട്ടും 
വെയിൽ പൂത്ത മരച്ചില്ലയിലിന്നും
ഇരുൾതിന്നുന്ന പക്ഷികൾ നാം ..
കണ്ണുകളേ ,
ഇത് ദയ മങ്ങിയ കാഴ്ചക്കാലം!!