Tuesday, 29 November 2016

മടക്കം

ഇതവസാന വരികളല്ല,,
നിഗൂഡതയുടെ മാറ്റൊലികളില്ലാതെ ,,
എന്‍റെ ശബ്ദമൊടുങ്ങിയിരുന്നു ..
.ഒരൊറ്റയീണത്തില്‍ ചാലിച്ച നിശബ്ദതയില്‍
നമ്മള്‍ ചലിക്കാത്ത രണ്ടു കണ്ണുകള്‍ മാത്രം
,,ഞാനെന്നിലേക്കു തന്നെ മടങ്ങട്ടെ ,,
,രണ്ടായാലും നീയെന്നെ അറിയുന്നില്ല

നീ

പ്രണയത്തിന്റെ ആകാശത്തു നിന്നും
നീ തൊടുത്ത മിന്നൽ പിണരുകൾ പോലെ,
ഇരുട്ടിന്റെ ജാലകക്കാഴ്ച്ചയിലൂടെ മാത്രം
എനിക്കു നിന്നെ കാണാൻ കഴിയുന്നു..!
നിന്റെ നെടുവീർപ്പുകളിലൂടെ മാത്രം
എന്റെ സ്പന്ദനങ്ങളുടെ കിതപ്പാറുന്നു...!
ഒരു പക്ഷേ കാറ്റിന്റെ നുണ വിശ്വസിച്ചാവാം ,
കടലിന്റെ അതിരുകളോളം മേഘങ്ങളുണ്ടായിട്ടും
ഞാനിന്നും വരണ്ടിരിക്കുന്നു...!

പ്രണയമാനെന്റെ വിപ്ലവം

എണ്ണിയാലൊടുങ്ങാത്ത വാതിലുകൾ,,
നീയേഴു താഴിട്ടു പൂട്ടിയാലും
ഓർമ്മകളുടെ തടവു ചാട്ടമിനിയും നടക്കും..!
മറക്കരുത്,,
പ്രണയവും വിപ്ലവവും എന്റെ സിരകളെ 
വല്ലാതെ ത്രസിപ്പിക്കുന്നുണ്ട്..!

നീയും ഞാനും

അക്ഷരങ്ങളുടെ ഉലയൂതിക്കെടുത്തിയിട്ടും
ചുട്ടുപൊള്ളിക്കുന്ന ഒറ്റക്കനൽ ...
നീ...
ഒറ്റ വരിക്കവിതയുടെ അർഥം തിരഞ്ഞ്,
ഇന്നലെകളുടെ ചങ്ങലപ്പാടുമേന്തിയിന്നും,
ഞാൻ.

എനിക്കും ഹൃദയമുണ്ടായിരുന്നു

എനിക്കും ഹൃദയമുണ്ടായിരുന്നു...
ചുവന്ന പൂക്കൾ കൊണ്ടു മുറിവേറ്റത്...
നിന്റെ മൗനത്തിന്റെ അപാരതയും
പ്രണയത്തിന്റെ തീക്ഷ്ണതയും...
നിന്റെ നക്ഷത്രക്കണ്ണുകളും
നഖചിത്രപ്പാടുകളും,,
ചുണ്ടുകളുടെ വിറയും...
മാറിന്റെ കിതപ്പും..
ഇലഞ്ഞിപ്പൂക്കളുടെ ഗന്ധവും ,
ഞാനെന്നുമോർക്കാറുണ്ട്..
എന്നും...

പെയ്തു തീരരുത്

നിലാവുള്ള രാത്രികളിൽ
നിന്റെ നക്ഷത്രക്കണ്ണുകൾ എന്നെ തേടുന്നത് ഞാനറിയാറുണ്ട്..
ആർത്തു പെയ്യുന്ന മഴയിൽ നിന്റെ ചുംബനങ്ങൾ ഞാനാസ്വദിക്കാറുണ്ട്..
നേർത്തു വീശുന്ന കാറ്റ് നിന്റെ വിരലുകളെന്നപോലെ എന്റെ മുടിയിഴകളെ തലോടാറുണ്ട്..
സ്വപ്നമെന്നോണം നിന്റെ കൈകളെന്നെ പൊതിയുന്നത് പാതിയുറക്കത്തിൽ ഞാനറിയാറുണ്ട്..
എന്നിട്ടും പകരം വയ്ക്കാനില്ലാതെ
പരിഭവിച്ചുണരുന്ന പുലരികളിൽ
എന്റെ ഹൃദയം മിടിച്ചിരുന്നു ,
'ഞാനിപ്പോഴും നിന്നെ പ്രണയിക്കുന്നു'...
നിന്നെ മാത്രം ..
മഴമേഘങ്ങളുടെ കൂട്ടിലിരുന്നു നീയെനിക്കായി വിങ്ങുന്നതെനിക്കറിയാം..!
പെയ്തു തീരരുത്..,
എനിക്കിനിയും നിന്നെ പ്രണയിക്കണം

കാഴ്ചകള്‍ മങ്ങുന്നു

ഒരേ ചുവപ്പിന്റെ ഉന്മാദത്തിൽ
വാക്കുകളുടെ പച്ചയിലൂടെ പറന്ന്,
നീല ചുവയ്ക്കുന്ന ആകാശവും, 
ഉപ്പു കയ്ക്കുന്ന കടലും കടന്നിട്ടും 
വെയിൽ പൂത്ത മരച്ചില്ലയിലിന്നും
ഇരുൾതിന്നുന്ന പക്ഷികൾ നാം ..
കണ്ണുകളേ ,
ഇത് ദയ മങ്ങിയ കാഴ്ചക്കാലം!!

ഓര്‍മ്മകള്‍

ചെമ്പട്ടുടുത്ത സന്ധ്യയുടെ പ്രണയം 
രാവിന്റെ തണുത്ത തഴപ്പായിലുറങ്ങി ..
നക്ഷത്രങ്ങൾക്കൂർന്നിറങ്ങാൻ ,
പെയ്ത രാത്രിമഴനൂലുകൾ മുറിഞ്ഞു..
മായുന്ന നിലാവിന്റെ നാളമേറ്റു വാങ്ങി 
സ്വപ്നങ്ങളുടെ നടവരമ്പിലൂടെ പോകണം
നരച്ച വസന്തത്തിലൂടെ ചുവന്ന
കടലിൽ ചെന്നൊളിക്കണം
മരിച്ച പ്രണയത്തിന്റെ മാംസം ചികയാൻ,
ദാഹം പൂണ്ട കഴുകനല്ല ഞാൻ ..
പ്രണയം വറ്റിയ നദിയാണു മൗനമെന്നെഴുതിയ ,
ഇരുണ്ട ചുവരുകളുള്ള ഹൃദയത്തിൽ ,
ഓർമ്മകളിലൂടെന്നെ കുത്തിനോവിക്കുമ്പോഴും
ഓർത്തു വയ്ക്കണമെനിക്കിനിയുമെന്തൊക്കെയോ!!

ദൈവം

ചെളിപുരണ്ട കൈകളാൽ നിങ്ങളവനെ തീണ്ടി..
ചന്ദനം മണക്കുന്നവന്റെ പുച്ഛം 
കാണിക്കവഞ്ചിയിൽ കുമിഞ്ഞു കൂടി...
ഭിക്ഷയുടെ ഭാഷയറിയാത്തതുകൊണ്ടോ.?,
ഞാനാവഴി പോയില്ല...

പ്രണയം

ഒരു വെളുത്ത നുണയിലുറങ്ങി ,
ഏതോ കറുത്ത പകലിലുണർന്നപ്പോൾ...
വഴിയിലാരോ പറഞ്ഞു....!!
നമ്മൾ പ്രണയിച്ചിരുന്നുവെന്ന്‌ .

Wednesday, 24 August 2016

കിഴക്കിന്‍റെ സൂര്യന്‍

കിഴക്കിന്‍റെ സൂര്യനെ തെരുവിലേക്കെറിയൂ
ഇരുളിന്‍റെ ഗര്‍ഭം ചുമക്കാന്‍ ,
വറ്റില്ലാ വെള്ളത്തിലുപ്പുനോക്കാന്‍ ,,
കീറപ്പുതപ്പില്‍ തണുപ്പളക്കാന്‍ ,,
മുല ചുരത്താന്‍ മടിച്ചമ്മയ്ക്കു പട്ടിണി-
യിലുയിരു വറ്റും വരെ കൂട്ടിരിക്കാന്‍,
മാംസമല്ലാദ്യം മനുഷ്യനാണെന്നീയിരു-
കാൽ മൃഗങ്ങൾക്ക് വേദമൂട്ടാൻ,
പിഞ്ചുടല്‍ പോലും നക്കിത്തുടയ്ക്കുമീ കാമ -
കൂമ നേത്രങ്ങളില്‍ നിഴലു വീഴ്‌ത്താന്‍ ,
അന്തപ്പുരങ്ങളിലിരുന്നെന്തോ കുരയ്ക്കുന്ന തമ്പുരാട്ടിച്ചികൾ തൻ വാ മുറുക്കാൻ.
നിധിമേലുറങ്ങുന്ന ഗതികെട്ട ജീവന്റെ അരവയറിനോന്നു നിവർന്നു നിൽക്കാൻ
അരമനകളോളമെൻ കുടിലു മേയാനല്ലയീ-
യഗതികൾക്കൊപ്പം പടയ്ക്കിറങ്ങാൻ ..
കിഴക്കിന്റെ സൂര്യനെ തെരുവിലേക്കെറിയൂ
വാൾമുനത്തുമ്പിലെ ചാപിള്ളകൾക്കായ് ..
കിഴക്കിന്റെ സൂര്യൻ ചുവപ്പാണ് കൂട്ടരേ
വിപ്ലവത്താൽ രക്ത വർണ്ണാങ്കിതം..
വിപ്ലവം വിജയിക്കട്ടെ ..

Sunday, 10 April 2016

നിലാവ്

എന്റെ ചില്ലുജാലകത്തിൽ മഞ്ഞുമൂടി നീ മാഞ്ഞു പോയതായിരുന്നില്ലേ?
 നിലാവേ ...എന്റെ വെളിച്ചം നീയായിരുന്നില്ലേ ..
പുഴക്കരയിലെ രാത്രികളിൽ
നിന്നെയെന്റെ കൈക്കുമ്പിളിൽ സ്വന്തമാക്കിയതും .....
വിരലുകൾക്കിടയിലൂടെ നീ ഒഴുകിപ്പോകുമ്പോഴും 
വീണ്ടും വീണ്ടും മാറിൽ കൈകളാ ഴ്ത്ത്തിയതും
നീ കവര്ന്ന എന്റെ ഹൃദയം തിരഞ്ഞായിരുന്നു

അഗ്നി ചിറകുള്ള ശലഭങ്ങള്‍

പകലുകൾക്കിന്നിരുൾ ചായം .
നീയെൻ നേർക്കെന്തേ മിഴികൾപൂട്ടി ?...
സ്വപ്നങ്ങളുണരാത്ത രാവുകൾ സ്വന്തം ...
നിൻ ചിരിയിലെന്തേ എന്റെ സ്വപ്നങ്ങളെ തളച്ചിട്ടു ?
... മൂകതയുടെ കൽതുറുങ്കിൽ എന്റെ ശ്വാസംപിടയ്ക്കുന്നു..
മൌനത്തിന്റെ താഴിട്ടെൻ ശ്വാസത്തെ ബന്ധിച്ചതെന്തേ ?....
ഓർമ്മയില്ലേ നിനക്ക് ....?
നിന്റെ വിരലുകളിൽ .......
ചുണ്ടുകളിൽ ....
അഗ്നി ജ്വലി ച്ചിരുന്നു .. എന്നിലേക്ക്‌
നീ തൊട്ടു പടർത്തിയ
അഗ്നിനാളങ്ങൾ ......
അക്ഷര ശലഭങ്ങളായി നിന്റെ ഹൃദയവനിയുടെ പടിവാതിലിൽ
എന്നും ചിറകടിച്ചു പാറും .

. അഗ്നിചിറകുള്ള പ്രണയ ശലഭങ്ങൾ ..

നിദ്രയെ തേടി

തീരങ്ങൾക്കപ്പുറം ഇനിയൊരു
സ്വപ്ന തീരത്തിൽ 
പാതിയലിഞ്ഞ ഒരു കളിമൺ ശില്പ്പമായി വന്നടിയണം ....
കണ്ണുകളും കാതുകളും ശബ്ദവും ഇല്ലാതെ ....
നിദ്രയെ വരിക്കാൻ

കയ്യൊപ്പ്

സ്വപ്‌നങ്ങൾ പകർത്തിയെഴുതിയപ്പോൾ....
പ്രണയാക്ഷരങ്ങൾ കുറിച്ചിട്ട താളിൽ 
നിനക്കായെന്റെ
 ഹൃദയ രക്തം കൊണ്ടൊരു കയ്യൊപ്പ് കൂടി ...

ഇനി യാത്ര

വിട തരിക .....
വഴിവക്കിലെരിയുന്ന കൽവിളക്കെ ..
കനക പ്രഭാവമീയൊരു രാവുകൂടി...
മൂകമാമിരവിൻ മടിശീലയിൽ ..
കടം ബാക്കിയാണിന്നും വെളിച്ചക്കണക്കിൽ...
വഴിയിവിടെ മൂന്നായ്‌പിരിഞ്ഞിടുമ്പോൾ 
പുലരിക്കു മുൻപ് നാം ചുവടുറപ്പിക്കാം ...
ജീവനം കൊണ്ടുഞാൻ ചേർത്തോരീ ഭാണ്ഡത്തിൽ

 ചീഞ്ഞു നാറും കടംകഥകളാമോർമ്മകൾ...
പിൻവിളികളില്ലാ പിറകെ വരാനെന്റെ 

നിഴലുപോലും മടിച്ചെങ്ങോ മറഞ്ഞു....
ഏകനായീവഴിയിലൂടെയെന്നിന്നലക-

ളെവിടെയുറങ്ങുന്നതവിടെയ്കു പോകണം....
വഴിവക്കിലെരിയുന്ന കൽ വിളക്കെ

 ഞാനിനി നടന്നോട്ടെ നിൻ മിഴിയടയ്ക്കല്ലേ

നീയും ഞാനും

അഗ്നിയെരിയുന്നപകലുകളിൽ ...
കടമ്പിൻ ചോട്ടിലെ സന്ധ്യകളിൽ ..... 
നിലാവൊഴുകുന്ന രജനികളിൽ ..... 
എന്റെ 
നക്ഷത്രക്കണ്ണുള്ള പെണ്ണെ ....
നിനക്കെന്നും
ഇലഞ്ഞിപ്പൂക്കളുടെഗന്ധമായിരുന്നു....
അചുംബിതമാം നിന്റെ ചൊടിയിലെ ചോപ്പിൽ
ഞാൻഅസ്തമിച്ചിരുന്നു ....
ലജ്ജ വിട്ടുണരുന്ന
നിൻ നയനങ്ങളിലൂടെ
ഞാനൊരു പുലരിയായിരുന്നു ....
നീയെന്നിലെക്കലിഞ്ഞു വീണൊരു മഞ്ഞു തുള്ളിയും

സദ്ദാം നീയാരായിരുന്നു


മരണക്കയറിന്‍റെ കുടുക്കില്‍
പിടഞ്ഞു നീതിയെന്നേ മരിച്ചു ,,
കാലൂന്നിയ മരപ്പലക നീക്കാന്‍
ചതിയുടെ കൈകളെന്തിന് ?
നോക്കുകുത്തികളുടെ കണ്ണുകളായി നമ്മളും
നീതിമാന്മാരുടെ കൈകളായി
ഒരുപറ്റം യൂദാസു മാരും ,,,
നിന്റെ തുല്യതയുടെ മറുപടിയോ ഇത് ?
അതോ നിന്‍റെ സാമ്രാജ്യത്തിന്റെ നഷ്ടമോ ?
സദ്ദാം ...
അജയ്യനായ യോദ്ധാവെ ,,,,
നീയാരായിരുന്നു ?
ചരിത്രമോ ?
പോരാട്ടമോ ?

നീയുറങ്ങിയതെന്തേ

നീയുറങ്ങിയിരുന്നു,,,,
തേടിവന്നപ്പോഴേക്കും,,
മിഴികളൊരു മരവിച്ചതടാകമാക്കി,,
നീയൊരു ശിലയായി,,
തണുത്തുറഞ്ഞ ശില്‍പ്പം,,
ഞാനോര്‍ക്കുന്നു,
നടന്നകലുമ്പോള്‍ നീ വിതുമ്പിയിരുന്നില്ല,,,
നിനക്കറിയാമായിരുന്നു,,,
അന്നു വലിച്ചെറിഞ്ഞ പൂക്കളുമായി ,
ഞാനെത്തുമെന്ന്
പക്ഷെ,,, നീയുറങ്ങിയതെന്തേ,,
,അതുനിന്‍റെ ഹൃദയത്തോട്ചേര്‍ത്തു വയ്ക്കാന്‍വേണ്ടിയോ?

നക്ഷത്ര കണ്ണുള്ള പെണ്ണ്

വിടരാന്‍കൊതിച്ചതല്ലെങ്കിലും
കൊഴിയാന്‍ മടിച്ചിരുന്നു
ഓര്‍ത്തുവച്ചില്ലെങ്കിലും
നീകരുതിവച്ചതെന്തേ
ഒരു കുടന്നചുവന്നപൂക്കള്‍?
ഇതെന്റെരക്തമോനിന്റെപ്രണയമോ?
അറ്റുപോയചിറകുകളിലിനിയും തഴുകരുത്..
ഇനിയുംപറന്നുയരാനെങ്ങിനെ കഴിയും?,,,,,
എന്റെആകാശംനീയായിരുന്നില്ലേ,,
എന്റെ നക്ഷത്രക്കണ്ണുള്ള പെണ്ണെ,,

ഇന്നലെകളുടെ ഓര്‍മ്മയ്ക്ക്

വിടരാതsർന്ന നിലാപ്പൂക്കൾ
വീണുടഞ്ഞ വെയിലിറമ്പുകളിൽ 
ഇനിയും വസന്ത'മെന്നു വിളിക്കാൻ
ചാരം മൂടിയ കനൽപ്പൂ കൾ മാത്രം
ഇരുളിൽ ഒരൊറ്റ ത്തിരി വിളക്കെരിയുന്നുണ്ട്
വഴി മറന്ന കാറ്റേ "....
നിന്റെ നഖമുനയിൽ കോർത്തു വലിക്കാൻ
ഇനിയൊരിറ്റു ശ്വാസം മാത്രം ബാക്കി.
ഒരു പുലരി കൂടി ഞാനെടുത്തോട്ടെ ......
ഇന്നലെകളുടെ ഓർമയ്ക്ക്: ''

വികൃതി

പ്രണയമേ ,,,,
ഇന്നലെകളുടെ പടവിറങ്ങും വരെ 
നാഴികകള്‍ നിമിഷങ്ങളാക്കിയ നീയോ 
സ്മൃതിയുടെ കല്‍ ചുവരുകള്‍ക്കുള്ളില്‍ 
നിമിഷങ്ങള്‍ക്ക് നാഴികകളുടെദൈര്‍ഘ്യവും 
കണ്ണീരിന്‍റെ ചുവയുമെന്നു പഠിപ്പിച്ചത് ?

തനിയെ

വിരസമായ പകലുകള്‍,,,,,,
ഏകാന്തതയുടെ കയ്യൊപ്പ്ചാര്‍ത്തിയ,,,,
വെയില്‍ ദൂരങ്ങളിളിനിയും ബാക്കി,,
ഇടറിത്തുടങ്ങിയ പാദങ്ങളോടെ,,,,,
പടിയിറങ്ങിപ്പോയ പ്രണയമേഘങ്ങളെ തേടി,,
ശൂന്യമായകൈകളും,,,,ഹൃദയത്തില്‍,,
ഒരു വര്‍ഷകാലത്തിന്‍റെ ഓര്‍മ്മകളുംപേറി,,
ഇനിയുംതീരാത്ത പ്രയാണം

അക്ഷരങ്ങള്‍

സര്‍ഗ്ഗാത്മകതയുടെ ഗര്‍ഭം ,,
സൃഷ്ടിയുടെ പേറ്റു നോവില്‍ പുളയുന്നു
പിറന്നു വീണതത്രയും ,,
മഷിക്കറുപ്പുള്ള ചാപിള്ളകള്‍ ,,,
അഗ്നിശുദ്ധി വരുത്തി വീണ്ടും പിറക്കാന്‍ ,,
ആത്മാവില്‍ നിന്നടര്‍ന്ന ബലിമൃഗങ്ങള്‍

രാജകുമാരി

നിഴല്‍ വീണ ഇടനാഴികളില്‍ എവിടെയോ
വീണുടഞ്ഞു പോയ കുപ്പിവളകള്‍ ,,,
താളം മറന്നുപോയ കാല്‍ ചിലങ്കകളില്‍
മൂകതയുടെ മാറാല കെട്ടിയിരിക്കുന്നു ,,,,
വിരലിന്‍റെ വികൃതികള്‍ തീര്‍ത്ത മുഖം 
പൊടിമൂടിയ കണ്ണാടിയില്‍ മാഞ്ഞു തുടങ്ങി ,,
ഉള്ളില്‍ തളച്ച വിങ്ങലിന്‍റെ കഥകളിലെ
വെളിച്ചം മോഹിച്ച രാജകുമാരിക്ക്
വേദനകളുടെ മര കുരിശു ചുമന്ന്
വിലാപത്തിന്‍റെ തടവറയില്‍ മരണം ,,