Friday, 26 June 2015

ഏതിന്ദ്രനീലമിന്നെന്‍ വിരല്‍ തുമ്പിലായ്‌
ഏഴുവര്‍ണ്ണങ്ങളെ വിരിയിച്ചോരുക്കും ?
ഇനിയേതു ചിറകേറിയാകാശ മാറിലായ്
അനുരാഗമാരിവില്ലെഴുതാന്‍ തുടിക്കും?
ഇനിയേതുദീപമിന്നിരുളേറ്റു മങ്ങാതെ
ഇരു നാളമായെന്‍റെ മിഴിയില്‍ ചിരിക്കും ?
ഇനിയേതു മേഘമെന്‍ വേനലില്‍ പെയ്തിന്നു
പുളകങ്ങളായൊന്നു പൂവിട്ടു നില്‍ക്കും?
ഇനിയേതു മോഹം തുഴഞ്ഞിന്നു നോവിന്‍റെ
ആഴങ്ങളില്‍ പോയ മുത്തെടുക്കും ഞാന്‍
ചൊരിമണലിലെഴുതിയൊരു വരിയിന്നു ശിഖ പൊട്ടി-
യെവിടേക്കൊളിച്ചെന്നതറിയില്ലെനിക്ക് .
തീരം മറച്ചതോ..?തിര വന്നുമായ്ച്ചതോ?
ഇരുളോളിപ്പിച്ചതോ ?..വെയിലേറ്റെരിഞ്ഞതോ ?
ആശകള്‍ക്കപ്പുറം അതിജീവനം തേടി ,
അമ്പേ പരാജിതന്‍ ഞാന്‍

Friday, 19 June 2015

ഓര്‍മ്മകള്‍

എന്‍റെ രക്തത്തിനു
നിന്‍റെ സിന്ദൂരത്തിന്‍റെ നിറമായിരുന്നു ,,
എന്‍റെ വരികള്‍ക്ക്
നിന്‍റെ വിരഹത്തിന്‍റെ സ്മൃതികളുണ്ടായിരുന്നു
എന്‍റെ വേദനയില്‍
നിന്‍റെ മോഹഭംഗങ്ങള്‍ പിടയുന്നുണ്ടായിരുന്നു
എന്‍റെ സ്വരത്തില്‍
നിന്‍റെ കൊഞ്ചലുകള്‍ വീണാനാദമായിരുന്നു
എന്‍റെ പ്രണയത്തില്‍
നിന്‍റെ മനസിലേഴുവര്‍ണ്ണങ്ങള്‍ പൂത്തിരുന്നു
എന്‍റെ പരിഭവത്തില്‍
നിന്‍റെ കവിളുകള്‍ ഈറനായിരുന്നു
എന്‍റെ കോപത്തില്‍
നിന്‍റെ കിനാക്കളെല്ലാം മരിച്ചിരുന്നു
എന്‍റെ വേര്‍പാടില്‍
നിന്‍റെ കാവ്യങ്ങള്‍ക്ക്നീ ചിതയൊരുക്കിയിരുന്നു
എന്‍റെ നെഞ്ചില്‍
നിന്‍റെ ചോരയിലെഴുതിയ വരികളായിരുന്നു
ഒരു വേനലിലും കരിയാത്ത ഓര്‍മകളുടെ
വിത പാകിയ നിന്‍റെ അനുരാഗമന്ത്രങ്ങള്‍

Wednesday, 17 June 2015

പ്രതിജ്ഞ

ദേശാടനങ്ങളില്‍ ,,വഴിയമ്പലങ്ങളില്‍ ,,
ചുവടിടറിപ്പോയ കാരിരുള്‍ പാതയില്‍
തിറകെട്ടിയാടിയ മായയ്ക്കുമുന്നിലെന്‍
തീണ്ടാ വിരലാ മദം തൊട്ടു മയങ്ങി
യവനത്തിലെ പാതി ലഹരിക്ക്‌ ശയ്യയായ്
വിധിയെ പഴിച്ചിന്നു വികടമാം വിന്യാസം
തെരുവും തെരുക്കൂത്തുമായെത്ര രാക്കളില്‍
പ്രജ്ഞയെ കൊന്നിട്ട മദിരാചഷകങ്ങളില്‍
വെവ്വേറെ വേഷങ്ങള്‍ വികലമാം രൂപങ്ങള്‍
വരികാത്തു വാരിധിയില്‍ വെറുതെ നടക്കുന്നു
പുകയും പുഴുക്കുത്തുമേറ്റെ ന്‍റെ കരള്‍ വാടി
അതിലൊറ്റ വേഷമായ് അലയുന്ന കാലത്ത്
ചുട്ടുപൊള്ളിച്ചെന്‍റെ കരളിനെ നോവിച്ചു
കണ്ണുനീരില്‍ പൊതിഞ്ഞമ്മതന്‍ വാക്കുകള്‍
നഷ്ടത്തിനെ പെറ്റ നാരിക്കു നാളെയൊരു
നെടുവീര്‍പ്പ് പോലും പിടയ്ക്കില്ല നെഞ്ചിലായ്
ലഹരിക്കുമേല്‍ പാഞ്ഞ മിന്നലായ് വാക്കുകള്‍
തിരിവച്ചു പുതു ദീപമൊന്നെന്‍റെ ഉള്ളിലായ്
അറിവിന്‍റെ തോണിയില്‍ തുഴ മാറ്റി മിഴി പൂട്ടി ,,
ഒഴുകാതെയൊഴുകണമിനിയൊരു പുലരി തേടി ,,
അഴലുകള്‍ ചുഴിയാകുമാഴിക്കു മീതേ
കഴലാഴ്ന്നു താഴാതെ പുതു വഴികള്‍ തേടി
.,,,,,,,,,,,,,,,പ്രതിജ്ഞ ,,,,,,,,,,,,,,
മിഴി രണ്ടും പൂട്ടി ഞാന്‍ സൂര്യനെ തോല്പിച്ചു ,
ഇരുളിലിനിയതിലേറെ പൊന്‍ പ്രഭയേതെന്നു ,
സന്ദേഹമോടെന്‍റെ ഇട നെഞ്ചറിഞ്ഞു,,,,
.,,പ്രിയസഖി നിന്നോര്‍മ്മയാണെന്‍റെ ചിന്തയില്‍ ,,
,അതിലേറെ ശോഭയില്‍ എരിയുന്ന നൊമ്പരം .

Friday, 12 June 2015

മഴ അവളായിരുന്നു

മഴ ,,,
പ്രണയമായിരുന്നെന്നും മഴയോട്
ദാഹമായിരുന്നു നനഞ്ഞോട്ടുവാന്‍
ഒരിലയായിരുന്നു ഞാന്‍
ശിശിരം കൊഴിക്കാതെ പോയോരില
പെയ്യാ മഴയ്ക്കായി താനെ കൊഴിഞ്ഞോരില
കാറ്റിന്‍റെ തൊട്ടിലിന്‍ കെട്ടഴിഞ്ഞപ്പോള്‍
മണ്ണിന്‍ മാര്‍ചൂടില്‍ മയങ്ങിപ്പോയോരില
മീനക്കൊടുംവെയില്‍ മുള്ളുകള്‍ കൊണ്ടിട്ടും
മുറിവേറ്റ നെഞ്ചിലായ് മഴ കാത്തുനിന്നോരില
മാനം കൊതിപ്പിച്ച മാഹേന്ദ്ര ജാലത്തെ
മുഗ്ധം മുകരുവാന്‍ കൊതിച്ചു പോയോരില
മറയത്തിരുന്നെന്‍റെ മുകിലവള്‍ തൂകുന്ന
മുത്തങ്ങളാണെനിക്കി മഴ മുത്തുകള്‍
ചെറു ചുംബനം കൊണ്ട് തൊട്ടുണര്‍ത്തിപ്പിന്നെ
വര്‍ഷമായ് പെയ്തെന്നെ വാരിപ്പുണര്‍ന്നു
പടിയിറങ്ങിപ്പോയ പുളകങ്ങളോക്കെയും
പുതുമണം പൂവിട്ടു പിന്നെയും വന്നു
അറിയാതെ നിന്നിലേക്കലിഞ്ഞോട്ടെ ഞാനി -
ന്നത്രമേലെന്നെ നീ അറിയുന്നതല്ലേ ,,
പെയ്തിട്ടും പെയ്തിട്ടും തീരാതെ നീയും
എത്ര നനഞ്ഞിട്ടും ദാഹമോടുങ്ങാതെ ഞാനും

Tuesday, 9 June 2015

എന്‍റെ നിഴലെവിടെ

എന്‍റെ നിഴലെവിടെ?,,,
ശരികളെല്ലാം ചേര്‍ത്ത ശവകുടീരത്തിലെന്‍ ,
ശരികള്‍ക്കുമോപ്പം നടന്നോരെന്‍ നിഴലില്ല .
മറയ്ക്കുന്നിതെന്തിനോ മനപൂര്‍വമല്ലൊട്ടു,
പിഴയൊടുങ്ങിപ്പോയ പാപത്തിന്‍ വഴികളില്‍ ,
നേരിന്നു കുറുകെ മുറിച്ചെന്‍റെ വാളിനാല്‍ ,
നേരും നുണയുമായ് വേറെ പിരിക്കുവാന്‍ .
മാണിക്യമെന്നോര്‍ത്തു മകുടത്തിലേറ്റിയ,
നുണയെന്‍റെ നാവിനെ നായയായ് മാറ്റി ,,
നേരിന്നുമൊപ്പമെന്‍ നിഴലും മരിച്ചെന്നു
നുണ പറഞ്ഞിട്ടു ഞാന്‍ നിഴലിനെ തേടുന്നു ..

Monday, 8 June 2015

പുലരിയിന്നെന്തേ പുഞ്ചിരിച്ചെന്നോട്
കുയിലു ഞാന്‍ പാടാതെ മറുപാട്ട് പാടി ?
തൊട്ടതില്ലോട്ടുമെന്നിട്ടുമെന്തേ മുഖം കുനി -
ഞ്ഞൊട്ടൊന്നു വാടീ നീ തൊട്ടാവാടീ ?
പാരലിഞ്ഞീടുമീ പാരിജാതത്തിന്‍ മനം
കട്ടെടുത്തോടിയീ കാറ്റിന്നു വന്നു ,,
ശലഭങ്ങളൊരുകോടി ചിറകടിച്ചേന്‍ മുന്നില്‍
ചന്തത്തിലായിരം ചിത്രം വരഞ്ഞു
അരുവിക്കരഞ്ഞാണം അഴകായോരുക്കുവാന്‍
ആഷാഢമേഘങ്ങള്‍ മഴമുത്ത് കോര്‍ത്തു
അരിമുല്ലയറിയാതെയധരം വിടര്‍ത്തിയാ
അണി മഴയിലതിലോലമലസം നനഞ്ഞു
ഈ വര്‍ണ്ണ ഹര്‍ഷതിനര്‍ത്ഥം ഗ്രഹിച്ചതും
പാടെ നടുങ്ങിയെന്‍ നഷ്ടത്തെയോര്‍ത്തു ഞാന്‍
മുകിലിന്‍ മുടിക്കീഴില്‍ മുഖമോളിപ്പിച്ചവള്‍
മന്ദഹാസംകൊണ്ട് വെയിലിനെ കൊന്നവള്‍ ,
മോഹമായെപ്പോഴും മറയത്തിരുന്നവള്‍
മായയായിന്നെന്‍റെ മുറ്റം കടന്നു പോയ്‌
നൂപുരധ്വനികളിന്‍ താളം തിരഞ്ഞോരെന്‍
കണ്ണിലാ മണലിലെ കാല്‍പ്പാടു മാത്രമായ്

Thursday, 4 June 2015

നിനക്കായി

ഇന്നലെയുടെ വേദന നീയായിരുന്നു
ചിത്രങ്ങള്‍ നീയായിരുന്നു ,,,ചായങ്ങളെന്‍റെയും
ഗാനങ്ങള്‍ നീയായിരുന്നു ,,,സ്വരമെന്‍റെയും
നടനം നീയായിരുന്നു ,,ചുവടുകളെന്‍റെയും
ചിലങ്ക നീയായിരുന്നു ചിലമ്പലെന്‍റെയും
തീര്‍ത്ഥം നീയായിരുന്നു ,,കൈക്കുമ്പിളെന്‍റെയും
ദേവി നീയായിരുന്നു ,,,സോപാനമെന്‍റെയും

ആകാശം നീയായിരുന്നു ,,,മേഘങ്ങളെന്‍റെയും
മാരിവില്ല് നീയായിരുന്നു ,,,,വര്‍ണ്ണങ്ങളെന്‍റെയും
നിലാവ് നീയായിരുന്നു ,,നിശയെന്‍റെയും
നദി നീയായിരുന്നു ...,,,,,ഓളങ്ങളെന്‍റെയും
സാഗരം നീയായിരുന്നു ,,,സീമകളെന്‍റെയും
തീരം നീയായിരുന്നു ,,,തിരകളെന്‍റെയും
ഇന്ന് നീയായിരുന്നു ,,ഇന്നലെ ഞാനും
അകലങ്ങളില്‍ നീയും അരികെ ഞാനും
പിണക്കത്തില്‍ നീയും ഇണക്കത്തില്‍ ഞാനും
പിരിയില്ലെന്ന് നീയും പിരിയുമോയെന്നു ഞാനും
പിരിഞ്ഞത് നീയും പിരിയാതെ ഞാനും
ഓര്‍ക്കാതെ നീയും ഓര്‍മകളില്‍ ഞാനും
വേര്‍പാടില്‍ നീയും വേദനയില്‍ ഞാനും
മൗനത്തില്‍നീയും മൊഴികളില്‍ ഞാനും
മിഴികളില്‍ നീയും മിഴിനീരില്‍ ഞാനും
ഇന്നലെ ഞാനായിരുന്നു ,,
എന്‍റെ വേദന നീയും
തളര്‍ന്നു പോകുന്നെന്‍റെ  കൈകള്‍
വിറച്ചിടറുന്നു വിരല്‍തുമ്പുകള്‍ ,

ദേശാടനങ്ങളിലെന്നോ ചവിട്ടി മെതിച്ച പൂക്കള്‍ ,,
അതിലോരോറ്റപ്പൂവിന്‍റെ ഉഗ്രശാപത്തിലായ്
ചിന്തകള്‍ക്കാകെയിന്നു തീ പിടിച്ചു
എരിഞ്ഞു പോയെന്‍റെ താളുകളെല്ലാം
വാടിപ്പോയിന്നക്ഷര പ്പൂക്കളും
പൊട്ടിക്കരഞ്ഞെന്‍റെ തൂലികയിന്നാ ,
തീയണയ്ക്കാനായി  ജീവന്‍ വെടിഞ്ഞു ,,

ആ കുഴിമാടത്തിലോന്നര്‍പ്പിക്കുവാനൊരുപിടി
വാടാത്തപൂക്കള്‍ എനിക്കേകുവാനായ്
ആരിന്നു വരുമോരാള്‍
ആരിന്നു വരുമൊരാള്‍
ഇനിയും വസന്തമെന്‍നേര്‍ക്കിത്ര  വൈകുമോ?

Tuesday, 2 June 2015

ഭൂകമ്പം

ഇന്നലെകളെല്ലാം  ജയിച്ചെന്ന ഹുങ്കിലായ് ,
നാളെകള്‍ക്കെല്ലാം കടിഞ്ഞാണോരുക്കി  ഞാന്‍ ,

വേദങ്ങളറിയാതെ സോമയാഗം ചെയ്തു ,,
ദേവനായെന്നോര്‍ത്തു രാജ്യം ഭരിച്ചു    ,,

മായയാം രാജ്യത്തിനഭിവൃദ്ധിക്കായെന്‍റെ
സമ്പത്തൊടുക്കിയിന്നശ്വമേധങ്ങളാല്‍ ,,

കെങ്കേമരില്‍ കേമനെന്‍ അശ്വമെന്നിട്ടും ,,
ശ്വാസം മുടക്കിയാ പ്രാണനെ കൊന്നു പോയ്‌.

കാടിനേക്കൊന്നു ഞാന്‍ കടലിനെ കൊന്നു ഞാന്‍
പുഴകളെ പുഴുവണ്ണമാക്കി കുറച്ചു

നിധിയുണ്ടതെന്നോര്‍ത്തു നീരാളിക്കൈകളാല്‍
പാതാളലോകത്തും പാടം കിളച്ചു

കാരിരുമ്പിന്‍പെരും കൂടത്തിനാല്‍ തല്ലി
വയലുറപ്പിച്ചെന്‍റെ   മണിമന്ദിരം തീര്‍ത്തു

ഗിരിനിരകളെന്നിലും തലയെടുപ്പാണെങ്കില്‍
പാടെ നിരത്തിയെന്‍ പാദത്തിനൊപ്പമായി

വെട്ടിപ്പിടിച്ചു ഞാന്‍ ഭൂമിതന്‍ മക്കളെ ,,
പലവിധം ക്രൂരമായ്‌ കൊന്നോടുക്കിക്കൊണ്ട് .

മക്കളെ കൊന്നവന്‍ മാറില്‍ കിടക്കയോ ?
അമ്മയ്ക്കിതില്‍പ്പരം കോപമുണ്ടാകുമോ ?

കാറ്റായി ,,തിരയായി പലവിധം വന്നവള്‍
കാലമെന്നെ കാത്തു കൈക്കൂട്ടിനുള്ളില്‍ ...

ഇനിയെന്തു രൂപമെന്നറിയാതെ ഞാനെന്‍റെ ,
കൊട്ടാരമിരുളാഴ്ത്തി ഒളിവില്‍ കഴിഞ്ഞു


വെഞ്ചാമരങ്ങളില്‍ കൊലമരം കണ്ടുവോ ?,,
അകന്നു പോയ്‌ തെന്നലും  തണുവണിയിക്കാതെ ,,,

പെരുമ്പറയോലികളില്‍ കാഹളങ്ങളില്‍  മനം ,,
ഭയമായ് പകച്ചെന്‍റെ  അന്ത്യം വിദൂരമോ ?

കാലനെ പേടിച്ചു കാട്ടാറ് കൊണ്ട് ഞാന്‍ ,,,
കോട്ടയ്ക്കു ചുറ്റും കിടങ്ങു തീര്‍ത്തിട്ടു .

കാട്ടാറ് കരചീന്തി കടയറ്റ കരിവീട്ടി ,,
ഭൂമിക്കു ഗര്‍ഭം ധരിപ്പിച്ചെന്‍ കാലനെ  .

ഭ്രൂണം കലക്കാനുറച്ചു ഞാന്‍ വീഴ്ത്തിയാ ,,
ധരണിതന്‍ മാറിലായി കൊടും കാളകൂടം ,

നഗ്നയാം കടലിന്‍റെ പൊക്കിള്‍ തടത്തിലായ് ,,
ഉറകൊണ്ട ചുഴിയിലാ രൗദ്രം കുമിഞ്ഞു ,,,

വയട്ടാട്ടിയായി വന്നോരിടി മിന്നലിന്‍ കയ്യില്‍,,
പെറ്റത് ചാപിള്ളയെന്നറിഞ്ഞിട്ടെന്നോ ,,

ബ്രഹ്മാണ്ഡമൊട്ടു വിറകൊള്ളിടും പോലെ
മാറത്തടിച്ചു കരഞ്ഞു പോയ്‌ ഭൂ മാതാ ,

ആ പിടച്ചിലിന്നാക്കം താങ്ങാന്‍ കഴിയാതെ
തകര്‍ന്നെന്‍റെ കൊട്ടാര ഗോപുര ശൃംഗങ്ങള്‍ ,,

വിണ്ടു കീറിപ്പോയ രാജവീഥികള്‍ക്കൊപ്പം ,,
ആണ്ടുപോയാ വിള്ളലിലെന്‍ സ്വപ്നരാജ്യവും .

വിധിയെ തടുക്കുവാനാവില്ലതെന്നുണ്മ യറിയുന്നോ -
രല്പന്‍റെ രോദനം പോലെന്‍റെ വംശമൊടുങ്ങി ,,

പൊരുളെന്തെന്നറിയാതെ മാലോകരെല്ലാം
പാടി നടക്കുന്നു ഭൂകമ്പമെന്നു പോല്‍

ഭൂമിക്കു ഞാന്‍ ചെയ്ത പാതകത്തിന്‍ പക -
വീട്ടലാണിന്നിതെന്നറിഞ്ഞവന്‍  ഞാന്‍  മാത്രം ,,,,,





Monday, 1 June 2015

പറയാതെയെന്തോ പറയുവാനാശിച്ചു ,
അറിയതെയെന്തോ അറിയുവാനാശിച്ചു ,
അറിഞ്ഞതും പറഞ്ഞതും മറക്കുവാനാശിച്ചു ,
മറവിക്കുമൊപ്പം നടക്കുവാനാശിച്ചു ,
മോഹങ്ങളെല്ലാം മരിക്കുവാനാശിച്ചു .
മോഹ ഭംഗങ്ങളില്‍ എരിയുവാനാശിച്ചു
,
എരിയുന്ന ചിതയിലെന്നാശകള്‍ മാത്രമാ -
യെരിയാതിരിക്കട്ടെ യെന്നു ഞാനാശിച്ചു .