Friday, 1 May 2015

എന്‍റെ പന്ത്രണ്ടു കാമുകിമാര്‍

ചിങ്ങത്തില്‍ ചിറകാട്ടും ചിത്തിര തുമ്പിയായ്

കന്നിയില്‍ കന്മദ പ്പൂ പൂക്കും പാടത്ത്
കൊയ്ത്തുപാട്ടും പാടി ചെറുമിയായ് കൂടി നീ

തുലാമേഘങ്ങള്‍ പെയ്തു കുളിര്‍ന്നപ്പോള്‍
മാറിന്നിളം പുതപ്പാലെന്നെ താരാട്ടി

വൃശ്ചിക പുലരികള്‍ സാന്ദ്ര മന്ത്രങ്ങളാല്‍
ഈണം പകര്‍ന്നെന്‍റെ വ്രത ശുദ്ധി കാത്തു നീ


ധനുമാസ മഞ്ഞിലായ് ഉടല്‍ പിണഞ്ഞോന്നായി
തണുവിനെ തോല്‍പ്പിച്ച് ചുടു നിശ്വാസങ്ങളാല്‍


മകര സന്ധ്യക്കിന്നു ആരതിയായിരം മിഴി -
മണ്‍ചെരാതില്‍ നറുദീപം കൊളുത്തി നീ


കുംഭ രാശിയില്‍ കതിരോന്‍ കളം മാറ്റി
കനവുകള്‍ കുടയാക്കി കരുതലായ്‌ കാത്തു നീ


മീനവെയിലിലെന്‍ പൊള്ളും വിയര്‍പ്പിനെ
കരമലര്‍ തളിരിനാല്‍ നറുകണമാക്കി നീ


മേടം മിഴിത്തുമ്പില്‍ ജാലം വിരിച്ചപ്പോള്‍ 

കണിയായ് വിരിഞ്ഞു നീ പ്രണയ വസന്തമായ്‌

ഇടവപ്പാതിയിലെന്‍ പാതിയായ് പുണര്‍ന്നാ

കരുതലില്‍ കുടയിലെന്‍ ഉടലിനെ മൂടി നീ

മിഥുന നിലാവിലായ് ചന്ദ്രബിംബം നോക്കി
കളിയായ്‌ ചിണുങ്ങിയെന്‍ കവിള്‍ത്തടം നുള്ളി നീ


കര്‍ക്കിടകം പെയ്തു പഞ്ഞം പറഞ്ഞിട്ടും
അന്നം പകര്‍ന്നു നീ ഔഷധ ക്കഞ്ഞിയാല്‍


സങ്കല്പ്പമാണെന്‍റെ കൊല്ലവര്‍ഷ ക്കിളി ,,,,
ശിഥിലമാം വ്യാമോഹ മധുര സ്വപ്‌നങ്ങള്‍

No comments:

Post a Comment